|
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവി ക്ഷേത്രത്തില്‍ അഭയവരദായിനിയും ശംഖുച്ചക്രാംഗിതയുമായ ശ്രീ രാജരാജേശ്വരിയാണ് പ്രതിഷ്ഠ. ഭക്തര്‍ക്ക് എല്ലാ അനുഗ്രഹങ്ങളും അഭിഷ്ടസിദ്ധിയും നല്‍കുന്ന ദേവി പാലാരിവട്ടം കരയുടെ പേരിനുപോലും കാരണഭൂതയാണ്. ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം കൃത്യമായി കണക്കാകുന്നതിനു ആധികാരിക രേഖകള്‍ കണ്ടുകിട്ടെണ്ടിയിരിക്കുന്നു. പരശുരാമന്‍ കേരളക്കരയില്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം എന്ന് വിശ്വസിച്ചു വരുന്നു. പാലച്ചുവട്ടിലെ ദേവിയാണ് പാലാരിവട്ടം ദേവി എന്നാ ഭാഷ്യവും നിലവിലുണ്ട്. |
വളരേക്കാലം സ്വര്‍ണ്ണത്തുമനക്കാരുടെ നിയന്ത്രണതിലായിരുന്നുവെന്നും അക്കാലത്ത് ശങ്കരാചാര്യര്‍ മനയും ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നുവെന്നും ഐതീഹ്യമുണ്ട്. പിന്നീട് ഈ ക്ഷേത്രം ഇടപ്പള്ളി എളങ്ങള്ളൂര്‍ സ്വരൂപക്കാരുടെ നിയന്ത്രണത്തിലായി. പഴയ കൊച്ചി രാജ്യത്ത് തിരുവിതാംകൂര്‍ രാജ്യത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഈ ക്ഷേത്രത്തിന് ഒരു അന്തര്‍ രാജ്യ പ്രാധാന്യം ഉണ്ടായിരുന്നു. കിഴക്ക് പൊക്കാളം ശിവനും, പടിഞ്ഞാറ് പാവക്കുളം ശിവനും, വടക്ക് ദേവന്‍കുളങ്ങര കൃഷ്ണനും, തെക്ക് അനന്തപുരം കൃഷ്ണനും ഏതാണ്ട് തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നത് ഈ ദേവിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ ഈ ക്ഷേത്രം കൊച്ചി കോര്‍പ്പറേഷനിലാണ്. |

|
1968 -ല്‍ പാലാരിവട്ടം ശ്രീ രാജരാജേശ്വരി എന്‍.എസ്സ്.എസ്സ്. കരയോഗം സ്ഥാപിക്കപ്പെടുകയും കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന ക്ഷേത്രത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അഷ്ടമംഗല്യ പ്രശ്ന വിധി പ്രകാരം 1984 - ല്‍ കരയോഗത്തിന്‍റെ മേല്‍നോട്ടത്തില്‍ പുകലക്കാട്ട് അഡ്വ. പി. ഗോപാലകൃഷ്ണ മേനോന്‍റെ നേത്രുത്വത്തിലുള്ള ക്ഷേത്ര പുനര്‍ നിര്‍മ്മാണ സമിതി ക്ഷേത്രം അതിമനോഹരമായി പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. |
1991 - ല്‍ ചെമ്പില്‍ തീര്‍ത്ത കൊടിമരവും 1996- ല്‍ അതിവിശാലമായ ആനപ്പന്തലും പണിതു. ശില്പഭംഗി നിറഞ്ഞ ശ്രീകോവിലും തിടപ്പള്ളിയും നമസ്ക്കാരമണ്ഡപവും നാലമ്പലവും ബാലിക്കല്‍പ്പുരയും കൂത്തമ്പലവും സദ്യാലയവും കുളവുമുള്ള ഈ ദേവിസന്നിധിയില്‍ നിത്യേന നൂറുകണക്കിനു ഭക്തന്മാര്‍ ദര്‍ശനം നടത്തി സായുജ്യമടയുന്നു. ഗണപതി, ശാസ്താവ്, വുഷ്ണു, ശിവന്‍, നാഗയക്ഷി, എന്നീ ഉപദേവതാ പ്രതിഷ്ടകളുള്ള ഈ ക്ഷേത്രത്തില്‍ അഭിഷ്ട കാര്യസിദ്ധിക്കായി ഭക്തര്‍ പന്തിരുനാഴിപ്പായസം, പൂമൂടല്‍, ഉദയാസ്തമനപൂജ, കളഭാഭിഷേകം, ചന്ദനംചാര്‍ത്തല്‍ തുടങ്ങിയ വിശേഷാല്‍ പൂജകള്‍ നടത്തി അഭീഷ്ടകാര്യം സാധിക്കുന്നു. തുംബപ്പൂകൊണ്ടുള്ള മംഗല്യസൂക്താര്‍ച്ചന നടത്തി ദേവിയുടെ അനുഗ്രഹത്താല്‍ കന്യകമാര്‍ മംഗല്യവതികളായിത്തീരുന്നു എന്നത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. എല്ലാവര്‍ഷവും മേടമാസത്തില്‍ ഉത്രം നാളില്‍ ആര്‍ഭാടത്തോടുകൂടി ഉത്സവം നടത്തി വരുന്നു. കര്‍ക്കിടകം ഒന്നുമുതല്‍ 41 ദിവസം പ്രത്യേക ത്രികാല പൂജകള്‍, അതിവിശിഷ്ടമായ ശാസ്താം പാട്ട്, വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ ആയിരക്കണക്കിന് ദീപങ്ങള്‍ കൊളുത്തി കാര്‍ത്തിക വിളക്ക്, ഭാഗവതസപ്താഹം, നവരാത്രി ആഘോഷങ്ങള്‍ എന്നിവ എല്ലാവര്‍ഷവും ഒന്നിനൊന്ന് മെച്ചമായി നടത്തിവരുന്നു. വിജയദശമിദിവസം നൂറുകണക്കിന് കുട്ടികള്‍ സാക്ഷാല്‍ മൂകാംബികാ ദേവിയുടെ തല്‍സ്വരൂപമായ ശ്രീ രാജരാജേശ്വരിയുടെ സമക്ഷത്തില്‍ വിദ്യാരംഭം കുറിക്കുന്നു. |
പുലിയന്നൂര്‍ ഇല്ലത്തേക്കാണ് താന്ത്രിക ചുമതല. |
|